Saturday 31 March, 2012

പുതു അഭ്യാസം




അടുത്ത റൂമിലെ ആറാം ക്ലാസുകാരനു  അവന്റെ അമ്മയും ആയി  വഴക്ക്  കൂടുന്നത് കണ്ടാണ്‌ ഞാന്‍ അവിടെ കയറി ചെന്നത്. അന്വേഷിച്ചപ്പോയല്ലേ കാര്യം മനസ്സിലായത്‌, പരീക്ഷ കാലം ആയിട്ടും അവന്‍ പുസ്തകം ഒന്ന് തൊട്ടു പോലും നോക്കുന്നില്ല. സ്നേഹപൂര്‍വ്വം  ഞാന്‍ അവനോടു കാര്യം തിരക്കി, അവന്റെ മറുപടി കേട്ട് തെല്ലു അന്താളിച്ചു കേട്ടോ, അവന്‍ പറയുവ, " ചേച്ചി, എന്തിനാ പഠിക്കുന്നത്, ഏതായാലും എട്ടാം ക്ലാസ്സ്‌ വരെ ഞങ്ങളെ ആരെയും സ്കൂളില്‍ നിന്ന് തോല്പ്പിക്കില്ല, പിന്നെ ചുമ്മാ പുസ്തകവും ആയി ഞാന്‍ എന്തിനു മല്‍പിടുത്തം നടത്തണം."
അവന്റെ ചോദ്യം  വളരെ വളരെ ന്യായം, അവന്‍ എന്തിനു പഠിക്കണം.RTE (RIGHT  TO  EDUCATION  ) നിയമ പ്രകാരം എട്ടാം ക്ലാസ്സ്‌ വരെ ഇപ്പോള്‍ വിദ്ധ്യാര്‍തികളെ  തോല്‍പ്പിക്കാന്‍ പാടില്ലത്രെ. ഇതെന്തൊരു നിയമം എന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് ഉത്തരം ലഭിക്കുന്നില്ല.

ഇത് വിദ്യ അഭ്യസിക്കാന്‍ ഉള്ള അവകാശമാണോ അതോ അവകാശ നിഷേധം ആണോ എന്നാണു എന്റെ സംശയം, നിങ്ങളില്‍ ആര്‍ക്കൊക്കെ ഇത് ന്യായം ആയി തോന്നുന്നു എന്നെനിക്കു അറിയില്ല.
ഇതിന്നെക്കാള്‍ നല്ലതു 13  വയസ്സ് വരെ സ്കൂളില്‍ മക്കളെ അയക്കരുത് എന്ന് തിരുത്തലാവും.
ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നതിനു പിന്നിലെ ഉദ്ദേശം ഒരു പക്ഷെ നല്ലതാവം, പക്ഷെ ഇത് തകര്‍ക്കുനത് അവരുടെ നല്ലൊരു ഭാവിയെ ആണ്. പഠിക്കാന്‍ മിടുക്കുള്ള കുട്ടികള്‍ക്കും തോന്നും," ഇനി ഇപ്പോള്‍ പഠിച്ചിട്ടെന്തേ" എന്ന്. കാര്യം അവര്‍ പഠിച്ചാലും ഇല്ലേലും ജയിക്കും , പിന്നെന്തിനു പഠിക്കണം. ഇങ്ങനെ മടിയന്മാരായി അവര്‍ ഒമ്പതാം ക്ലാസ്സില്‍ എത്തുമ്പോള്‍, അവര്‍ക്ക് ഒരുപക്ഷെ സ്വന്തം പേര് പോലും എഴുതാന്‍ അറിഞ്ഞില്ല എന്ന് വരാം, അവരെ കുറ്റം പറയരുത്!
പത്താം ക്ലാസ്സില്‍ അവര്‍ അതിനേക്കാള്‍ ഏറെ മാര്‍ക്കോട് കൂടി ജയിക്കും എന്ന് അവര്‍ക്കറിയാം. കാരണം,  ഇപ്പോള്‍ homecentre വേണോ board എക്സാം വേണോ എന്ന് തിരഞ്ഞെടുക്കാന്‍ ഉള്ള അവസരം  കൂടി  കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. സ്വാഭാവികം, ഹോം സെന്റര്‍ കുട്ടികള്‍ തിരഞ്ഞെടുക്കും, കാരണം, തങ്ങളുടെ സ്കൂളിന്റെ റിസള്‍ട്ട്‌ കൂടാന്‍ വേണ്ടി മത്സരിക്കുമ്പോള്‍, കുട്ടികള്‍ പരീക്ഷ നന്നായി എഴുതിയാലും, ഇല്ലെങ്കിലും,  നല്ല മാര്‍ക്കോട്  കൂടി തന്നെ വിജയിക്കും...അങ്ങനെ അവര്‍ കാശ് മുടക്കിയാണെങ്കിലും,  എന്ജിനീയറോ ഡോക്ടറോ ആവും.


ഇവിടെയല്ലം നശിപ്പിക്കപെടുന്നത്  നല്ല ഒരു നാളെ ആണ്, കുട്ടികള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം നില നിന്നാല്‍ മാത്രമേ നല്ല ഒരു നാളയെ വാര്‍ത്തെടുക്കാന്‍  സാധിക്കുകയുള്ളൂ. പകരം, നിങ്ങളിനി  പഠിക്കണ്ട മക്കളെ, നിങ്ങളുടെ വിജയത്തിന് ഞങ്ങള്‍ ഗ്യാരണ്ടി എന്ന നിലക്ക് അവകാശ നിയമങ്ങള്‍  നീങ്ങിയാല്‍, തകര്‍ന്നു വീണു കൊണ്ടിരിക്കുന്ന അവരുടെ ഭാവിക്ക് തീര്‍ച്ചയായും നിങ്ങള്‍ ഒരു നാള്‍ ഉത്തരം പറയേണ്ടി വരും.

സ്റ്റേറ്റ് സിലബ്ബസ്സുകാരെ  നോക്കി പുച്ച്ചിക്കുന്ന CBSEക്കാര, ഈ പറഞ്ഞ  നിയമങ്ങള്‍ നിനക്കും ബാധകം തന്നെ!!!
   

Friday 2 December, 2011

മറക്കാന്‍ ആയിരുന്നോ...

"മേഘങ്ങള്‍ ആകാശത്തോട് വിട പറഞ്ഞാലും,
കടല്‍ കരയോട് വിട പറഞ്ഞാലും,
മരണം വരേയും എന്റെ സൗഹൃദം നിന്നോട് വിട പറയില്ല..."
എന്ന് സ്വന്തം ..............
      
         ഒരുപാട് കാലങ്ങള്‍ക്ക് ശേഷം ഇന്നലെ ഞാന്‍ എന്റെ പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് ഒന്ന് മറിച്ചു നോക്കി , അവിടിവിടെ  ചില പേജുകള്‍ മുഷിഞ്ഞെങ്കിലും ആളിന് ഒരുപാട് കാര്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍  ഉണ്ടായിരുന്നു. മുകളില്‍ എഴുതിയ വരികള്‍ ആള്‍ തന്നതാണ്.വരികള്‍ എത്ര മനോഹരം, അല്ലെ! എഴുതിയ ആളുടെ പ്രോമിസും കൊള്ളാം. അന്നത്  അവള്‍ എഴുതിയപ്പോള്‍ ഞാന്‍ അവളെ സ്നേഹം കൊണ്ട് കെട്ടി പുണര്‍ന്നിട്ടുണ്ടാവാം, ഞങ്ങളുടെ സൗഹൃദത്തെ കുറിച്ച് അഭിമാനിച്ചിട്ടുണ്ടാവാം.ഓര്‍മ്മകള്‍...വെറും ഓര്‍മ്മകള്‍ മാത്രം..അവളിന്നെവിടെയാണ്, എന്ത് ചെയ്യുന്നു......


ഇതാണ് സുഹൃത്തെ ഞാന്‍ ജീവിക്കുന്ന എന്റെ ലോകത്തെ സൗഹൃദങ്ങള്‍. പഠിക്കുന്ന കാലത്ത് ഒരു നിമിഷം പോലും പിരിഞ്ഞു നില്‍ക്കാന്‍ ആവാത്ത ബന്ധങ്ങള്‍, പിന്നെ കാലത്തിന്റെ ഒഴുക്കില്‍ എല്ലാവരും എല്ലാവരുടെയും ലോകത്തേക്ക് നീങ്ങുന്നു.ആരെയും ഓര്‍ക്കാന്‍ ആര്‍ക്കും സമയമില്ല.സമയത്തിന്റെ പോരായ്മയാണോ യഥാര്‍ത്ഥ കാരണം(എന്തേ, 24 മണിക്കൂര്‍ എന്നത് വളരെ കുറവാണോ), അതോ പുതിയ ബന്ധങ്ങള്‍ പഴയതിനേക്കാളും മാധുര്യം നല്‍കുന്നതോ?

ഇടയ്ക്ക് ഞാന്‍ ഓര്‍ത്തു പോകുന്നു.കോളേജില്‍ പഠിച്ചിരുന്ന  കാലം, എന്ന് വച്ചാല്‍ അവിടം വിട പറഞ്ഞിട്ട്  ഇപ്പൊള്‍  രണ്ടു വര്‍ഷം  തികയുന്നേ  ഉള്ളു കേട്ടോ.രാവിലെ മുതല്‍  വൈകുന്നേരം വരെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍ , പോരാഞ്ഞിട്ടോ വീട്ടില്‍ തിരിച്ചെത്തിയാല്‍ രാത്രി ഉറങ്ങും വരെ SMS അയച്ചിരിക്കും.എന്തായിരുന്നു നമ്മുക്കൊക്കെ ഇത്ര മാത്രം അന്നൊക്കെ പറയാനുണ്ടായിരുന്നത്? പ്രത്യേകിച്ച്  ഒന്നും ഉണ്ടാവില്ല, എന്നാലും ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ വയ്യ.
എന്നിട്ടും ആ ബന്ധങ്ങള്‍ക്കൊക്കെ  ഇന്നെന്താണ് സംഭവിച്ചത്? 

തന്റെ ജന്മദിനം താന്‍ മറന്നാലും അവര്‍ മറക്കില്ലായിരുന്നു, ഉറക്കം വന്നാലും ഉറങ്ങാതെ രാത്രി കൃത്യം 12 മണിക്ക്, അതും ആദ്യം ആശംസകള്‍ നേരാന്‍ മത്സരിക്കുമായിരുന്നു എല്ലാവരും.എന്നിട്ടും എന്തേ ഇന്നവര്‍ അത് ഓര്‍ക്കുക പോലും ചെയ്യാത്തത്!
മനസ്സിനെ അലട്ടുന്ന എന്ത് കാര്യങ്ങള്‍ക്കും പരിഹാരം അവരുടെ പക്കലുണ്ടായിരുന്നു.എന്നിട്ടും എന്തേ ഇന്നെനിക്കു അവരോടൊന്നും പറയാന്‍ തോന്നാത്തത്.
സന്തോഷത്തില്‍ പങ്കുചേര്‍ന്നവര്‍, ദു:ഖത്തില്‍ താങ്ങായവര്‍, നിങ്ങളൊക്കെ ഇന്നെവിടെയാണ്?
friends forever എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുമ്പോള്‍ എന്തായിരുന്നു അര്‍ത്ഥമാക്കിയത് ?


ഇടയ്ക്ക് ഒന്ന് ചോദിക്കട്ടെ സ്ക്കൂളിലും കോളേജിലും ആയി നിങ്ങളുടെ കൂടെ പഠിച്ച എത്ര പ്രിയപ്പെട്ടവരുമായി നിങ്ങള്‍ ഇന്നും ബന്ധം വച്ച് പുലര്‍ത്തുന്നു, ഇതിനു  മുമ്പ് കൂടെ ജോലി ചെയ്ത, അല്ലെങ്കില്‍ ഒപ്പം താമസിച്ച എത്ര സുഹൃത്തുക്കളെ    ഇന്നും വിളിക്കാറുണ്ട്? 

ഇന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വഴി നമ്മുടെ പഴയ കാല സുഹൃത്തുക്കളെ(പഴയത് എന്നാല്‍ കാലം മാത്രമോ അതോ സുഹൃത്തും പഴയതോ) പലരെയും നമ്മള്‍ വീണ്ടും കണ്ടു മുട്ടുന്നു, അതില്‍ അതിയായി സന്തോഷിക്കുന്നു,വീണ്ടും ബന്ധം പുലര്‍ത്തുന്നു,നല്ല കാര്യം. അതിനി  എത്ര കാലത്തേക്ക്? ഇത്തരം നെറ്റ് വര്‍ക്കുകളൊക്കെ കുറച്ച് കാലം നമ്മള്‍ ഉപയോഗിക്കും, അത് കഴിഞ്ഞു  മടുപ്പ് വന്നാല്‍ ഉപേക്ഷിക്കും, അപ്പോള്‍ തിരിച്ചു പിടിച്ച  സൗഹൃദവും  ഒപ്പം ഉപേക്ഷിക്കില്ലേ?


ഞാന്‍ മനസ്സില്ലാക്കിയ ഒരു കാര്യം കൂടി പറയട്ടെ, ആണ്‍കുട്ടികള്‍ കുറച്ചെങ്കിലും സുഹൃദ് ബന്ധങ്ങള്‍        നില നിര്‍ത്തുമ്പോഴും, പെണ്‍കുട്ടികള്‍ അതില്‍ വളരെ പിശുക്കികള്‍ തന്നെ.
എന്നിരുന്നാലും  സൗഹൃദങ്ങള്‍ പാടേ നശിച്ചു എന്ന് ഞാന്‍ പറയില്ല.ചിലരെങ്കിലും ആണ്ടില്‍ ഒരിക്കല്‍ വിളിക്കും , അതും 2 -3 മിനുട്ടില്‍ സംഭാഷണം അവസാനിക്കും, കാരണം സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ ഒഴുക്ക് അവിടെ നഷ്ടമായിരിക്കുന്നു.
ഇതൊക്കെ പറയാന്‍ എനിക്കും  അവകാശം ഇല്ല, കാരണം ഞാനും ആരുടെയൊക്കെയോ സുഹൃത്ത്(ആയിരുന്നല്ലോ).....



     

Wednesday 9 November, 2011

ഒരു നിമിഷം..

അവനു  പറയാന്‍ ഉണ്ടായിരുന്നു ഒരു നൂറായിരം ഗള്‍ഫ്‌ യാതനകള്‍, അത് കേട്ടിരിക്കാന്‍ ഒരു ലക്ഷം കാതുകളും. മണലാരണ്യത്തിലെ ചുട്ടു പൊള്ളുന്ന  വെയിലും, കട്ടന്‍ കാപ്പി   മാത്രം പ്രാതല്‍ ആകുന്ന ദിനങ്ങളും, ഒരു കഷ്ണം  ബിസ്കറ്റും കോളയും അടങ്ങുന്ന സുഭിക്ഷമായ ഉച്ച ഊണും, പിന്നെ എല്ലാം കയിഞ്ഞു   രാത്രി ഉറങ്ങാന്‍  കിടക്കും നേരം കുബൂസ് എന്ന തിന്നു മടുത്ത റോട്ടിക്കൊപ്പം അമ്മയെയും നാടിനേയ്യും  ഓര്‍മയില്‍ തൊട്ടുണര്‍ത്തുന്ന  നല്ല കണ്ണി മാങ്ങ അച്ചാറും........
ഓരോ മാസവും  അവന്‍ പിശുക്കി വച്ച ദിര്‍ഹം,  ബെങ്കാളിയുടെയും, പാകിസ്ഥാനിയുടെയും ഇറാനിയുടെയും കൂടെ തിങ്ങി  പാര്‍ത്ത മുറി, അങ്ങനെ അങ്ങനെ പോകുന്നു അവനു പറയാനുള്ള യാതനകള്‍.  അങ്ങനെ എല്ലാം കയിഞ്ഞു  വര്‍ഷത്തില്‍ ഒരിക്കല്‍ അവന്‍ നാട്ടില്‍ വരുമ്പോള്‍,  അവനു പറക്കാന്‍ പോഷ്  കാര്‍, കിടക്കാന്‍ എ.സി മുറി, പിന്നെ ചിക്കനും മട്ടനും അല്ലാതെ  മറ്റൊന്നും ഇവന്‍ കഴിക്കില്ലേ എന്ന് തോന്നിപ്പിക്കും വിധം സുഭിക്ഷമാം ആഹാരം...അത്തര്‍ന്ടെ  മണം, പിന്നെ പെട്ടി നിറയെ ഗള്‍ഫ്‌ സാധനങ്ങളുമായി അവന്‍ ഫ്ല്യ്റ്റ്  ഇറങ്ങുമ്പോള്‍, വീട്ടുകാര്‍  അവന്റെ യാതനകള്‍ മനസ്സിലാക്കുന്നതു  കൊണ്ടോ എന്തോ, നാട്ടില്‍ അവന്‍ രാജാവ് തന്നെ...11 മാസം അടിമ ആയാല്‍ എന്താ, ഒരു മാസം നീ തന്നെ മഹാന്‍.....
ഇനി ഞാന്‍  എന്നെ കുറിച് പറയാം. അവനെ കുറിച്ച് ഒരുപാട് ആശങ്ക പെടാറുള്ള നിങ്ങള്‍ എപ്പോഴെങ്കിലും എന്നെ അറിഞ്ഞിട്ടുണ്ടോ? എനിക്ക് അത്തറിന്ടെ  മണം ഇല്ല, വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ എല്ലാവരെയും പുന്ജിരിപിക്കാന്‍ പെട്ടി നിറയെ സമ്മാനങ്ങള്‍ കൊണ്ട് വരാനും വകയില്ല, എന്തിനു വിവാഹ മാര്‍കറ്റില്‍ പോലും ഗള്‍ഫുക്കാരന്റെ വില ഇല്ല . ഇതെല്ലാം ബോധ്യം ഉള്ളതു കൊണ്ടാവുമോ എന്നെ കുറിച്ച് അറിയാന്‍ നിങ്ങള്‍ക്ക് താല്പര്യം ഇല്ലാത്തത് !!
സുഹ്രത്തെ  സമയം ഉണ്ടെങ്കില്‍ ഒന്ന് എന്റെ വാക്കുകള്‍ ശ്രദ്ധിക്കാമോ , 
ഇങ്ങിവിടെ നോര്‍ത്ത് ഇന്ത്യയില്‍ ഒരു കോള്‍ ഫാക്ടറിയിലെ കണക്കപിളളയാണ് ഞാന്‍.   എന്നെ പോലെ കറങ്ങുന്ന( അല്ല, അതിന്റെ കറക്കം നിന്നിട്ട് നാലഞ്ചു വര്‍ഷം കയിഞ്ഞു ) കസേരയില്‍ ജോലി ചെയ്യുന്നവരും, ഫാക്ടറിക്കുളില്‍  വെന്ധുരുകി കല്‍ക്കണ്ടി നിര്‍മ്മാണത്തില്‍  ഏര്‍പ്പെടുന്നവര്‍ക്കും  ഒക്കെയും പറയാനുണ്ട് നിന്നെക്കാള്‍ ഏറെ,  അല്ലെങ്കില്‍ നിന്നോളം തന്നെ  യാതനയുടെ കഥ, ആരും ശ്രദ്ധിക്കാത്ത ആ കഥ.!
വിവാഹം കയിഞ്ഞു  ഒരാഴ്ച്ച മാത്രമേ ഭാര്യക്കൊപ്പം  നില്ക്കാന്‍ സാധിച്ചുള്ളൂ, കാര്യം മറ്റൊന്നും അല്ല, രണ്ടു ദിവസം കൂടി നിന്നാല്‍ പിന്നെ നാല് ദിവസത്തെ ശമ്പളം കുറയും. വിവാഹത്തിനെന്ന് പറഞ്ഞു  രണ്ടായ്ച്ച  ലീവ് എടുത്തിരുന്നു, പക്ഷെ തീവണ്ടിയില്‍ ഉള്ള പോക്ക്  വരവിനും വേണമല്ലോ 3  + 3 ദിവസം ( ക്ഷമിക്കണം, ഫ്ല്യ്ട്ടില്‍ യാത്ര ചെയ്യാനുള്ള സാമ്പത്തിക ശേഷി തല്ക്കാലം അടിയനില്ല), അങ്ങനെ ഒരാഴ്ച്ച  മാത്രം പരിചയമുള്ള എന്റെ പ്രിയതമയോടു നിറകണ്ണുകളോടെ യാത്ര പറഞ്ഞിറങ്ങുമ്പോള്‍, ഒപ്പം വിവാഹിതനായ  എന്റെ ഗള്‍ഫുക്കാരന്‍ അനിയന്‍ ( 1 മാസത്തെ ലീവ് ആണ്) സമാധാനിപ്പിക്കും വിധം എന്നോട് പറഞ്ഞു , ചേട്ടാ നിങ്ങള്‍ക്ക് STD അല്ലെ, ഞാന്‍ ISD അല്ലെ!  പ്രിയതമയോടായി ചേച്ചി പറയുന്നത്  കേട്ടു, അവന്‍ നാട്ടില്‍ തന്നെ അല്ലേ...
അതെ ഞാന്‍ നാട്ടില്‍ തന്നെ ആണുളത്:( 
സ്ലീപര്‍ ക്ലാസ്സിലെ അപ്പര്‍ ബര്‍ത്തില്‍ തല ചായ്ച് കിടന്നപോള്‍, ഒരു പിടി കണ്ണുനീര്‍ പൊയിഞ്ഞോ, അറിയില്ല!! ഇനി കാത്തിരിപിന്റെ ആറു മാസങ്ങള്‍!

3 ദിവസത്തെ മുഷിപ്പിക്കുന്ന യാത്രയ്ക്ക്  ശേഷം വീണ്ടും മാറ്റങ്ങള്‍ ഇല്ലാത്ത സ്ഥിരം ദിനച്ചര്യയിലേക്ക്!
ഒരു വാഷ് റൂം(അതിന്റെ അവസ്ഥ കണ്ടാല്‍ പെറ്റ തള്ളക്കു പോലും സഹിക്കില്ല) ഞങ്ങള്‍ 20   പേരും. മല്‍പിടുത്തം നടത്തി ഒടുവില്‍ കുളിച്ചെന്നു വരുത്തി ഇറങ്ങുമ്പോള്‍, സമയം 9 :45 .   10 മണിക്ക് ഫാക്ടറി ഗേറ്റ് അടക്കും മുമ്പേ എത്തി പെടാനുള്ള ഓട്ടത്തിനിടയില്‍ ചായ പോലും കുടിചിട്ടുണ്ടാവില്ല. പിന്നെ ബ്രേക്ക്‌ എന്ന് പറഞ്ഞു  കിട്ടുന്ന 5 മിനുറ്റില്‍ ഒരു ഗ്ലാസ് ചായ, അതാണ്‌ സ്ഥിരം പ്രാതല്‍.
മാനേജരെ കാണുമ്പോള്‍ ശകാരം എന്ന വാക് ഇയാള്‍ സൃഷ്ടിച്ചതാണോ എന്ന് പലപ്പോഴും   തോന്നിയിട്ടുണ്ട്  .
അങ്ങനെ ഡെബിറ്റ് ഉം ക്രെഡിറ്റ്‌ ഉം ആയി മല്‍പ്പിടുത്തം നടത്തി ബോസിന്റെ ടാബ്ലില്‍ എത്തിക്കുമ്പോഴേക്കും ഉച്ച ഊണിന്റെ സമയം കയിഞ്ഞു  കാണും, വീണ്ടും ഒരു ചായ എങ്ങനേലും ഒപ്പിക്കും!
5 മണിക്ക് ഒപ്പിട്ടു ഗേറ്റ് ഇറങ്ങുമ്പോള്‍ ആയിരിക്കും ഇന്ന് ഒന്നും കഴിച്ചില്ലലോ എന്ന് ഓര്‍ക്കുക. അടുത്തുള്ള വല്ല കടയിലും പോയാല്‍ അവിടെ കാണും ആലു പറാട്ട, ആലു ചാപ്സ് , ഈ മനുഷ്യര്‍ക്ക്‌ ആലു ഇല്ലാതെ ഒന്നും ഉണ്ടാക്കാന്‍ അറിയില്ലേ..പലപ്പോയും ചിന്തിചിട്ടുണ്ട് . ആലു വെറും വയറ്റില്‍ ഗ്യാസ് ആണെന്ന ചിന്ത എന്നെ വീണ്ടും ഒരു ഗ്ലാസ്‌ ചായയില്‍ ഒതുക്കി!
വീണ്ടും മുറിയിലേക്ക്...കയ്യില്ലേ കരി കഴുകാന്‍ പാട് പെടുന്നവര്‍, മേലുധ്യോഗസ്തനെ കുറിച്ചുള്ള പരധൂഷണവുമായി  മറ്റു ചിലര്‍, എല്ലാം മറന്നു ഉറങ്ങുന്ന വേറൊരു കൂട്ടര്‍, കറങ്ങുന്ന ഫാനിലേക്ക് കണ്ണും നട്ടു ചിന്തയിലേക്ക്  ആണ്ടു കിടക്കുന്ന നിസ്സഹായര്‍, വീട്ടില്‍ നിന്നും വന്ന കത്ത് തിരിച്ചും മറിച്ചും വായിക്കുന്ന മറ്റൊരു വിഭാഗം .
ഇന്ന് ചോറ് കഴിക്കാന്‍ സമയം ഇല്ലാതിരുന്നത് നന്നായി, പിന്നെ ആലു ഗ്യാസ് ആയതും ! 20  രൂപ ലാഭം, അത് കൊണ്ട് recharge  ചെയ്യാന്‍ പറ്റി.എന്റെ ഗള്‍ഫുക്കാരന്‍ അനിയന്റെ വാക്കുകള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു കൊണ്ട്, കട്ടിലില്‍ തല ചാഴ്ച്ചു  ഞാന്‍ എന്റെ പ്രിയതമയെ വിളിച്ചു,അരികില്‍ നീ ഉണ്ടായിരുനെങ്കില്‍..അവളുടെ ഫോണ്‍ അങ്ങനെ പാടിയപ്പോള്‍, അത് അവള്‍ പാടുന്നതായി തോന്നി! പിന്നെ എല്ലാം മറന്ന കുറച്ചു  നിമിഷങ്ങള്‍... നിങ്ങള്‍ എവിടെ പോയാലും നിങ്ങള്‍ക്കൊപ്പം എന്ന് vodafone  ചുമ്മാ പറഞ്ഞതല്ല ,  മനസ്സ് കൊണ്ട് ഒരായിരം  നന്ദി പറഞ്ഞു  എന്റെ പ്രിയപ്പെട്ട വോടയ്ക്കു !
ഞങ്ങളെ കുറിചു  ഒരു ചിന്തയും ഇല്ലേ", എന്ന് മറ്റെലാ  അവയവങ്ങളുടെയും  അഭ്യര്‍ത്ഥന മാനിച്ചു എന്റെ വയര്‍ എന്നോട്   ചോധിച്ചപ്പോഴാണ് വീണ്ടും ഓര്‍ത്തതു ഇന്ന് ഒന്നും കഴിചില്ലലോ!.. പിന്നെ അടുത്തുള്ള കടയിലേക്ക്  വച്ച് പിടിച്ചു , ഉണക്കു ചപ്പാത്തിയും സബ്ജിയും കഴിച്ചപ്പോള്‍, എന്റെ ശരീരം ആസകലം  എനിക്ക് ഒരായിരം നന്ദി പറയുന്നതായി  അനുഭവപ്പെട്ടു!
ഉറക്ക പായില്ലേക്ക്‌ വീണ്ടും...മൊബൈലില്‍(അനിയന്‍ ഗള്‍ഫ്‌ ഇല്‍ നിന്നും കൊണ്ട് തന്നതാണ്) ഇയര്‍ ഫോണ്‍ ഗടിപ്പിച് ഞാന്‍ മെല്ലെ മ്യൂസിക്‌ ഓണ്‍ ചെയ്തു .. തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ..അറിയാതെ സ്റ്റോപ്പ്‌ ബട്ടണ്‍ ഞാന്‍ അമര്‍ത്തി  പോയി......കാരണം മറ്റൊന്നും അല്ല, പൂച്ചയ്ക്കെന്തു  പൊന്നുരുക്കുന്നിടത്ത് കാര്യം...ഇത്തരം ഗാനങ്ങള്‍ ഗള്‍ഫുകാരന്റെ മാത്രം അവകാശം അല്ലെ....


NB : ഇടയ്ക്ക് എന്റെ പേര് പറയാന്‍ മറന്നു, പേര് രാജു, വടകര സ്വദേശി, അനിയന്‍ ഗള്‍ഫില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നു , ചേട്ടന്‍ വടകരയില്‍ തന്നെ സര്‍ക്കാര്‍ ആപീസില്‍  ക്ലാര്‍ക്ക് ആണ്.
അനിയന്‍ അവന്റെ പരാധീനഥകള്‍ ബ്ലോഗ്‌ ഇല്‍ എയുതി  സമാധാനം കൊള്ളുന്നതു  കണ്ടപ്പോഴാണ്, ഈ ആശയം എനിക്കും വന്നത്! ഇതിനേക്കാള്‍ ഒത്തിരി ചേട്ടനും പറയാന്‍ കാണും! ഒരു കാര്യം കൂടി, എന്റെ പ്രിയപ്പെട്ട അനിയാ , നിന്നേക്കാള്‍ യാതന ഞാന്‍ അനുഭവിക്കുന്നുണ്ട് എന്ന് ഞാന്‍ ഇത് കൊണ്ട് ഉദ്ദേശിക്കുന്നില്ല !    

Sunday 30 October, 2011

ഇനി ഇവിടെ ഞാനും...

ഒരുപാട് കാലത്തെ ആഗ്രഹം ആയിരുന്നു ഒരു ബ്ലോഗ്‌ സന്ദര്‍ശനം......എന്നാല്‍ ഇപ്പൊ സന്ദര്‍ഷിച്പ്പോള്‍ ഇനി നിങ്ങല്‍കൊപ്പം കൂടിയാലോ എന്നൊരു മോഹം.
ഒരുപാട് എയുധിയൊന്നും പരിജയം ഇല്ല. വായന ശീലവും വളരെ കുറവ്. എന്നാലും എന്റെ മനസിലുള്ള കാര്യങ്ങള്‍ കുറിക്കാന്‍ ഒരിടം കിട്ടിയല്ലോ.....സന്തോഷം!
ഈ വലിയ ലോകത്ത് ഒരു ശിശുവായി ഞാന്‍ നിങ്ങല്‍കൊപ്പം കൂടട്ടെ!?