Friday 2 December, 2011

മറക്കാന്‍ ആയിരുന്നോ...

"മേഘങ്ങള്‍ ആകാശത്തോട് വിട പറഞ്ഞാലും,
കടല്‍ കരയോട് വിട പറഞ്ഞാലും,
മരണം വരേയും എന്റെ സൗഹൃദം നിന്നോട് വിട പറയില്ല..."
എന്ന് സ്വന്തം ..............
      
         ഒരുപാട് കാലങ്ങള്‍ക്ക് ശേഷം ഇന്നലെ ഞാന്‍ എന്റെ പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് ഒന്ന് മറിച്ചു നോക്കി , അവിടിവിടെ  ചില പേജുകള്‍ മുഷിഞ്ഞെങ്കിലും ആളിന് ഒരുപാട് കാര്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍  ഉണ്ടായിരുന്നു. മുകളില്‍ എഴുതിയ വരികള്‍ ആള്‍ തന്നതാണ്.വരികള്‍ എത്ര മനോഹരം, അല്ലെ! എഴുതിയ ആളുടെ പ്രോമിസും കൊള്ളാം. അന്നത്  അവള്‍ എഴുതിയപ്പോള്‍ ഞാന്‍ അവളെ സ്നേഹം കൊണ്ട് കെട്ടി പുണര്‍ന്നിട്ടുണ്ടാവാം, ഞങ്ങളുടെ സൗഹൃദത്തെ കുറിച്ച് അഭിമാനിച്ചിട്ടുണ്ടാവാം.ഓര്‍മ്മകള്‍...വെറും ഓര്‍മ്മകള്‍ മാത്രം..അവളിന്നെവിടെയാണ്, എന്ത് ചെയ്യുന്നു......


ഇതാണ് സുഹൃത്തെ ഞാന്‍ ജീവിക്കുന്ന എന്റെ ലോകത്തെ സൗഹൃദങ്ങള്‍. പഠിക്കുന്ന കാലത്ത് ഒരു നിമിഷം പോലും പിരിഞ്ഞു നില്‍ക്കാന്‍ ആവാത്ത ബന്ധങ്ങള്‍, പിന്നെ കാലത്തിന്റെ ഒഴുക്കില്‍ എല്ലാവരും എല്ലാവരുടെയും ലോകത്തേക്ക് നീങ്ങുന്നു.ആരെയും ഓര്‍ക്കാന്‍ ആര്‍ക്കും സമയമില്ല.സമയത്തിന്റെ പോരായ്മയാണോ യഥാര്‍ത്ഥ കാരണം(എന്തേ, 24 മണിക്കൂര്‍ എന്നത് വളരെ കുറവാണോ), അതോ പുതിയ ബന്ധങ്ങള്‍ പഴയതിനേക്കാളും മാധുര്യം നല്‍കുന്നതോ?

ഇടയ്ക്ക് ഞാന്‍ ഓര്‍ത്തു പോകുന്നു.കോളേജില്‍ പഠിച്ചിരുന്ന  കാലം, എന്ന് വച്ചാല്‍ അവിടം വിട പറഞ്ഞിട്ട്  ഇപ്പൊള്‍  രണ്ടു വര്‍ഷം  തികയുന്നേ  ഉള്ളു കേട്ടോ.രാവിലെ മുതല്‍  വൈകുന്നേരം വരെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍ , പോരാഞ്ഞിട്ടോ വീട്ടില്‍ തിരിച്ചെത്തിയാല്‍ രാത്രി ഉറങ്ങും വരെ SMS അയച്ചിരിക്കും.എന്തായിരുന്നു നമ്മുക്കൊക്കെ ഇത്ര മാത്രം അന്നൊക്കെ പറയാനുണ്ടായിരുന്നത്? പ്രത്യേകിച്ച്  ഒന്നും ഉണ്ടാവില്ല, എന്നാലും ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ വയ്യ.
എന്നിട്ടും ആ ബന്ധങ്ങള്‍ക്കൊക്കെ  ഇന്നെന്താണ് സംഭവിച്ചത്? 

തന്റെ ജന്മദിനം താന്‍ മറന്നാലും അവര്‍ മറക്കില്ലായിരുന്നു, ഉറക്കം വന്നാലും ഉറങ്ങാതെ രാത്രി കൃത്യം 12 മണിക്ക്, അതും ആദ്യം ആശംസകള്‍ നേരാന്‍ മത്സരിക്കുമായിരുന്നു എല്ലാവരും.എന്നിട്ടും എന്തേ ഇന്നവര്‍ അത് ഓര്‍ക്കുക പോലും ചെയ്യാത്തത്!
മനസ്സിനെ അലട്ടുന്ന എന്ത് കാര്യങ്ങള്‍ക്കും പരിഹാരം അവരുടെ പക്കലുണ്ടായിരുന്നു.എന്നിട്ടും എന്തേ ഇന്നെനിക്കു അവരോടൊന്നും പറയാന്‍ തോന്നാത്തത്.
സന്തോഷത്തില്‍ പങ്കുചേര്‍ന്നവര്‍, ദു:ഖത്തില്‍ താങ്ങായവര്‍, നിങ്ങളൊക്കെ ഇന്നെവിടെയാണ്?
friends forever എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുമ്പോള്‍ എന്തായിരുന്നു അര്‍ത്ഥമാക്കിയത് ?


ഇടയ്ക്ക് ഒന്ന് ചോദിക്കട്ടെ സ്ക്കൂളിലും കോളേജിലും ആയി നിങ്ങളുടെ കൂടെ പഠിച്ച എത്ര പ്രിയപ്പെട്ടവരുമായി നിങ്ങള്‍ ഇന്നും ബന്ധം വച്ച് പുലര്‍ത്തുന്നു, ഇതിനു  മുമ്പ് കൂടെ ജോലി ചെയ്ത, അല്ലെങ്കില്‍ ഒപ്പം താമസിച്ച എത്ര സുഹൃത്തുക്കളെ    ഇന്നും വിളിക്കാറുണ്ട്? 

ഇന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വഴി നമ്മുടെ പഴയ കാല സുഹൃത്തുക്കളെ(പഴയത് എന്നാല്‍ കാലം മാത്രമോ അതോ സുഹൃത്തും പഴയതോ) പലരെയും നമ്മള്‍ വീണ്ടും കണ്ടു മുട്ടുന്നു, അതില്‍ അതിയായി സന്തോഷിക്കുന്നു,വീണ്ടും ബന്ധം പുലര്‍ത്തുന്നു,നല്ല കാര്യം. അതിനി  എത്ര കാലത്തേക്ക്? ഇത്തരം നെറ്റ് വര്‍ക്കുകളൊക്കെ കുറച്ച് കാലം നമ്മള്‍ ഉപയോഗിക്കും, അത് കഴിഞ്ഞു  മടുപ്പ് വന്നാല്‍ ഉപേക്ഷിക്കും, അപ്പോള്‍ തിരിച്ചു പിടിച്ച  സൗഹൃദവും  ഒപ്പം ഉപേക്ഷിക്കില്ലേ?


ഞാന്‍ മനസ്സില്ലാക്കിയ ഒരു കാര്യം കൂടി പറയട്ടെ, ആണ്‍കുട്ടികള്‍ കുറച്ചെങ്കിലും സുഹൃദ് ബന്ധങ്ങള്‍        നില നിര്‍ത്തുമ്പോഴും, പെണ്‍കുട്ടികള്‍ അതില്‍ വളരെ പിശുക്കികള്‍ തന്നെ.
എന്നിരുന്നാലും  സൗഹൃദങ്ങള്‍ പാടേ നശിച്ചു എന്ന് ഞാന്‍ പറയില്ല.ചിലരെങ്കിലും ആണ്ടില്‍ ഒരിക്കല്‍ വിളിക്കും , അതും 2 -3 മിനുട്ടില്‍ സംഭാഷണം അവസാനിക്കും, കാരണം സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ ഒഴുക്ക് അവിടെ നഷ്ടമായിരിക്കുന്നു.
ഇതൊക്കെ പറയാന്‍ എനിക്കും  അവകാശം ഇല്ല, കാരണം ഞാനും ആരുടെയൊക്കെയോ സുഹൃത്ത്(ആയിരുന്നല്ലോ).....